കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ യു.എന്‍ എവിടെ?: നരേന്ദ്ര മോദി

ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളാകമാനം കോവിഡിനെതിരെ പ്രതിരോധ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടന എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. 1945ല്‍ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ഈ ചോദ്യത്തെ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ നേരിടുകയാണെന്നും മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം- ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്.

ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം പുറത്ത് നിര്‍ത്താനാകുമെന്നും മോദി ചോദിച്ചു. ഐക്യരാഷ്ട്ര സഭയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. ഒരു രാജ്യത്തിന് എത്രകാലം കാത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച് ആ രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ വലിയ തോതില്‍ ബാധിക്കുമ്പോഴെന്ന് മോദി ചോദിച്ചു.

സംഘടന രൂപീകരിച്ച കാലഘട്ടത്തിലെ ലോകം മറ്റൊന്നായിരുന്നു എന്നും അന്നത്തെ പ്രശ്നങ്ങളും അവയ്ക്കായുള്ള പരിഹാരമാര്‍ഗങ്ങളും ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി.

മൂന്നാം ലോക മഹായുദ്ധമെന്നത് നമുക്ക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കിലും ആഭ്യന്തര യുദ്ധങ്ങള്‍ ഉള്‍പ്പെടെ മറ്റനേകം യുദ്ധങ്ങള്‍ ലോകത്ത് നടന്നു എന്ന വസ്തുത അവഗണിക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറയുന്നു.

ഈ മഹാമാരിയുടെ സമയത്തു പോലും ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ 150 ലേറെ രാജ്യങ്ങളിലേക്ക് അവശ്യ മരുന്നുകള്‍ അയച്ചു. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന നിലയില്‍ ഞാന്‍ ഇന്ന് ഒരു ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്- ഇന്ത്യയുടെ വാക്‌സിന്‍ ഉത്പാദനവും വിതരണക്ഷമതയും ഈ അപകടസന്ധിയില്‍ മാനവികതയെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തും- മോദി പറഞ്ഞു.