സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാകാമെന്നു സുധീരന്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷനു മുന്‍പാകെ ഹാജരാകാന്‍ തയാറാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം കമ്മിഷനു മുന്നില്‍ ഹാജരാകാമെന്നു കാണിച്ചു കമ്മിഷനു സുധീരന്‍ കത്തയച്ചു.

സോളാര്‍ കമ്മിഷനോടു തനിക്ക് ആദരവുണ്ടെന്നു കത്തില്‍ സുധീരന്‍ പറയുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ തനിക്ക് ഇപ്പോള്‍ ഒട്ടേറെ ചുമതലകളുണ്ട്. അതിനാല്‍, തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടുള്ള ഏതെങ്കിലും തിയതി ഹാജരാകാന്‍ അനുവദിക്കണമെന്നും സുധീരന്‍ അപേക്ഷയില്‍ പറയുന്നു.

നേരത്തെ, സാക്ഷിപ്പട്ടികയില്‍നിന്നു തന്നെ ഒഴിവാക്കണമെന്നു കാണിച്ചു സുധീരന്‍ സോളാര്‍ കമ്മിഷനു കത്തയച്ചിരുന്നു. ഇതിനെ സോളാര്‍ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ആദര്‍ശവാനെന്ന് അറിയപ്പെടുന്ന സുധീരന്‍ ഇത്ര പ്രധാനപ്പെട്ട ഒരു കേസില്‍ ഇത്തരമൊരു നിലപാടു സ്വീകരിക്കാന്‍ പാടില്ലെന്നാണു സോളാര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വിമര്‍ശിച്ചത്.

© 2024 Live Kerala News. All Rights Reserved.