രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരട്ടെ; തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാര്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരട്ടെയെന്ന് തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നേതൃത്വ പ്രശ്‌നം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെയാണ് ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം. പാര്‍ട്ടി വേദിയില്‍ പറയാതെ കത്തെഴുതിയത് എന്തിനാണെന്നും രാഹുല്‍ ഗാന്ധി വീണ്ടും അദ്ധ്യക്ഷനാകണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. അതേസമയം, പാര്‍ട്ടി ഭരണഘടന സംരക്ഷിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ പാര്‍ട്ടി 50 വര്‍ഷത്തേക്ക് അധികാരത്തില്‍ വരില്ലെന്ന് ഗുലാംനബി ആസാദും അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം നിര്‍ദ്ദേശിച്ച നേതാക്കളെ ഒതുക്കിക്കൊണ്ടുള്ള നീക്കം ഹൈക്കമാന്റ് നടത്തിയിരുന്നു. രാജ്യസഭയിലേയും ലോക്‌സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ ഔദ്യോഗിക നേതൃത്വവുമായി ചേര്‍ന്ന് നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് പുതിയ നീക്കം. 23 നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തെഴുതിയത്. സ്ഥിരം അധ്യക്ഷ പദവി വേണമെന്നും രാഷ്ട്രീയ തീരുമാനങ്ങള്‍ കാര്യക്ഷമമാകണമെന്നും തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.

© 2024 Live Kerala News. All Rights Reserved.