പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

ന്യുഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആവശ്യപ്പെട്ട 33 യുദ്ധ വിമാനങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്നുദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയിട്ടുണ്ട്. അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തും. ഇതിനു പുറമെ ടി90 ടാങ്കുകളുടെ നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

21 മിഗ്29, 12 സുഖോയ് 30 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. അതിര്‍ത്തില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മിഗും സുഖോയും അത്യാവശ്യമാണ്. ആറായിരം കോടിയുടെ കരാറാണ് ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ രംഗത്ത് ധാരണയായിരിക്കുന്നത്. ഇപ്പോൾ ഇന്ത്യ ഉപയോഗിക്കുന്ന വിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണിത്.

അതേസമയം റഷ്യയില്‍ നിന്നു വാങ്ങുന്ന 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകളും വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 400 ട്രയംഫിന്റെ 5 മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. അതിൽ ആദ്യത്തേത് ഈ വര്‍ഷം ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2014 ല്‍ റഷ്യയില്‍ നിന്ന് വാങ്ങിയ ഇതേ മിസൈലുകളാണ് ചൈന അതിര്‍ത്തിയില്‍ സജ്ജമാക്കിരിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മിസൈലുകൾ ഇന്ത്യയ്ക്കും അത്യാവശ്യമാണ്.

© 2024 Live Kerala News. All Rights Reserved.