സോണിയക്ക് തരൂരിന്റെ കത്ത്; പാര്‍ട്ടിയില്‍ തന്നൈ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു

ദില്ലി: കോണ്‍ഗ്രസ് തന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ശശി തരൂര്‍ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു.ഉപജാപകരും ഭീരുക്കളുമാണ് തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് തരൂരിന്റെ കത്തില്‍ ആരോപിക്കുന്നു.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ശശി തരൂര്‍ സംസാരിച്ചത് പുറത്ത് വന്നിരുന്നു. ഇത് തരൂരാണ് ചോര്‍ത്തിയതെന്ന് ചൂണ്ടിക്കാട്ടി സോണിയാഗാന്ധി ശാസിച്ചു എന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സോണിയാഗാന്ധിക്ക് ശശി തരൂര്‍ അയച്ച കത്താണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്നത്.

തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് വളര്‍ച്ചയില്‍ അസ്വസ്ഥരായ ഭീരുക്കളും ഉപജാപകരും ആണെന്ന് തരൂര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. പാര്‍ട്ടി വേണ്ടി താന്‍ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെന്ന പരാതിയും ശശി തരൂരിനുണ്ട്.സ്വതന്ത്ര ചര്‍ച്ച പാട്ടിക്കുള്ളില്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ നീക്കങ്ങള്‍ എന്നാണ് തരൂര്‍ പരാതി.പുതിയൊരു ശൈലി പാര്‍ട്ടിക്കകത്ത് രൂപപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തടയിടാനുള്ള ശ്രമം കൂടിയാണ് ഇതെന്നും തരൂര്‍ കരുതുന്നു.

എന്തായാലും സോണിയാഗാന്ധിക്ക് തരൂര്‍ എഴുതിയ കത്ത് പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗത്തിനെതിരെയുള്ള നീക്കത്തിന്റെ കൂടി ഭാഗമാണ്. നേരത്തെ ശശി തരൂരിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ സ്വതന്ത്ര അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതലൂടെ ലഭിച്ചതെന്നാണ് കഴിഞ്ഞയാഴ്ച തരൂര്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

ഓക്‌സ്‌ഫോര്‍ഡ് പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും ഉള്‍പ്പെടെയുള്ള ഭരണപക്ഷ നേതാക്കള്‍ പ്രശംസിക്കുമ്പോഴാണ് ശശി തരൂര്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിര്‍നീക്കങ്ങള്‍ക്കെതിരെ ശക്തിയായി രംഗത്ത് വന്നിരിക്കുന്നത്.