മൃഗങ്ങളേക്കാൾ മോശമായാണ് കോവിഡ്​ രോഗികളോട്​ പെരുമാറുന്നതെന്ന് സുപ്രീംകോടതി വിമർശനം

ന്യൂഡല്‍ഹി: മൃഗങ്ങളേക്കാൾ മോശമായാണ് കോവിഡ്​ രോഗികളോട്​ പെരുമാറുന്നതെന്ന് സുപ്രീംകോടതി. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

‘കോവിഡ്​ രോഗികളെ മൃഗങ്ങളേക്കാള്‍ മോശമായി കൈകാര്യം ചെയ്യുന്നു. ഒരു കേസില്‍ മൃതദേഹം അഴുക്കുചാലില്‍ നിന്ന്​ കണ്ടെത്തി. രോഗികള്‍ മരിച്ചുവീഴുമ്പോഴും അവരെ തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ല’ -സുപ്രീംകോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു.

കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്​ഥിതി ദയനീയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോവിഡ്​ പരിശോധനയുടെ കുറവ്​ സംബന്ധിച്ച വിശദീകരണം നല്‍കാന്‍ ഡൽഹി സര്‍ക്കാരിനോട്​ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ്​ പരിശോധനകളുടെ എണ്ണം ഡല്‍ഹിയില്‍ കുറവായ​ത്​ എന്തുകൊണ്ടാണെന്ന്​ സുപ്രീംകോടതി ചോദിച്ചു. ‘ചെന്നൈയിലും മുംബൈയിലും പരിശോധനകളുടെ എണ്ണം 16,000 മുതല്‍ 17,000 വരെയായി ഉയര്‍ത്തുമ്പോഴും എന്തുകൊണ്ടാണ്​ ഡല്‍ഹിയില്‍ ഒരുദിവസത്തെ പരിശോധനയുടെ എണ്ണം 7,000 മുതല്‍ 5,000 വരെയായി കുറയുന്നത്​?’ -ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആരാഞ്ഞു.