കേന്ദ്രവും ഡൽഹിയും പോരടിച്ചാൽ കോവിഡ്‌ ജയിക്കും: കെജ്‌രിവാൾ

ന്യൂഡൽഹി > കേന്ദ്രവും സംസ്ഥാനവും പോരടിച്ചാൽ കോവിഡ്‌ ജയിക്കുമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പറഞ്ഞു. രാഷ്‌ട്രീയ വിയോജിപ്പിനുള്ള സമയമല്ലിത്‌. ചികിത്സ ഡൽഹിക്കാർക്കു മാത്രമാക്കി പരിമിതപ്പെടുത്തിയ തീരുമാനം തിരുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി അംഗീകരിക്കുമെന്ന്‌ കെജ്‌രിവാൾ പറഞ്ഞു. 70ൽ 62 സീറ്റ്‌ ജയിച്ച്‌ അധികാരത്തിലെത്തിയ ഡൽഹി സർക്കാരിന്റെ തീരുമാനം മറികടക്കാൻ കേന്ദ്ര നിർദ്ദേശത്തെ തുടർന്ന്‌ ലഫ്‌. ഗവർണർ ഉത്തരവിട്ടു. കോവിഡിന്റെ അസാധാരണ സാഹചര്യത്തിൽ തർക്കത്തിനില്ലെന്നും ഉത്തരവ്‌ നടപ്പാക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. പനിയെ തുടർന്ന്‌ നിരീക്ഷണത്തിലായിരുന്ന കെജ്‌രിവാൾ കോവിഡ്‌ പരിശോധന നെഗറ്റീവ്‌ ആയശേഷമാണ്‌ ഓൺലൈനിൽ പ്രതികരിച്ചത്‌.

ജൂൺ 15ഓടെ 44,000 കോവിഡ്‌ രോഗികൾ ഉണ്ടാകുമെന്നാണ്‌ ഡൽഹി സർക്കാരിന്റെ വിലയിരുത്തൽ. ജൂലൈ മധ്യത്തോടെ 2.25 ലക്ഷം രോഗികൾ ഉണ്ടാകുന്നതോടെ ചികിത്സയ്ക്കായി 33,000 കിടക്കൾകൂടി വേണ്ടിവരും. ഡൽഹിക്ക്‌ പുറത്തുനിന്നുള്ളവർക്ക്‌ ചികിത്സ നൽകേണ്ടിവന്നാൽ ആവശ്യമാകുന്ന കിടക്കകളുടെ എണ്ണം 65,000 ആയി വർധിക്കും. ജൂലൈ 31ഓടെ രോഗികളുടെ എണ്ണം 5.5 ലക്ഷമായി വർധിച്ചാൽ 1.5 ലക്ഷം കിടക്കകൾ വേണ്ടിവരും. ഈ വെല്ലുവിളി നേരിടാൻ സ്‌റ്റേഡിയങ്ങൾ, കൺവൻഷൻ സെന്ററുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ചികിത്സാ സംവിധാനം ഒരുക്കുമെന്ന്‌ കെജ്‌രിവാൾ പറഞ്ഞു.