നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനിടെ 1.90 ലക്ഷം പേര്‍ വരെ കോവിഡ് ബാധിച്ച് മരിക്കുമെന്ന് യു.എന്‍

ന്യൂയോർക്ക്: കോവിഡ് രോഗം പകരുന്നതിനെതിരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനകം 83,000 മുതല്‍ 1.90 ലക്ഷം പേര്‍ വരെ കോവിഡ് ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2.90 കോടിക്കും 4.40 കോടിക്കും ഇടയില്‍ ആഫ്രിക്കക്കാര്‍ക്ക് കോവിഡ് വരാമെന്നും വ്യാഴാഴ്ച്ച ലോകാരോഗ്യസംഘടന അറിയിച്ചു.

മിക്ക രാജ്യങ്ങളും പൊതുചടങ്ങുകള്‍ക്കും വിദേശ യാത്രകള്‍ക്കും അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങള്‍ കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 47 രാജ്യങ്ങളില്‍ ഇതുവരെ 35,097 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,231 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. എത്രയും വേഗത്തില്‍ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ചാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. പഠനത്തില്‍ 47 രാജ്യങ്ങളെ മാത്രമാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്. ജിബൂട്ടി, സൊമാലിയ, സുഡാന്‍, ഈജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ എന്നിവയെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, കാമറൂണ്‍ എന്നീ രാജ്യങ്ങളെയാകും കോവിഡ് സാരമായി ബാധിക്കുകയെന്നും യു.എന്‍ പറയുന്നു.