കൊറോണ; ലോകാരോഗ്യ സംഘടനയേക്കാള്‍ ഇന്ത്യയ്ക്ക് വിശ്വാസം ഐസിഎംആറിന്റെ നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍.

ഇതോടൊപ്പം രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ള മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ അനുഭവ പരിചയങ്ങള്‍ കൂടി കണക്കിലെടുക്കുന്നുണ്ട് കേന്ദ്രം.

കേന്ദ്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നുവെന്നതിന്റെ സൂചനയാണ് ഏപ്രില്‍ മൂന്നിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം.

വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നാണ് കേന്ദ്രം അന്ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ രോഗമുള്ളവരോ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരോ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇതിനു മുമ്പും ലോകാരോഗ്യ സംഘടനാ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗവ്യാപനത്തില്‍ ലോകരാജ്യങ്ങള്‍ക്ക് ഡബ്ല്യു.എച്ച്. ഒ മുന്നറിയിപ്പ് നല്‍കുന്നത് ജനുവരി 30-നാണ്.

എന്നാല്‍ ജനുവരി 25-ന് തന്നെ ഇന്ത്യ ചൈനയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡബ്ല്യു.എച്ച്. ഒ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ചൈനയിലേക്കുള്ള എല്ലാത്തരം യാത്രകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ചൈനയിലേക്കുള്ള യാത്രാവിലക്കിനെതിരെയായിരുന്നു ഡബ്ല്യു.എച്ച്. ഒ നിലപാടെടുത്തിരുന്നത്.

അതേസമയം,മാര്‍ച്ച് 16-ന് രോഗപരിശോധനയാണ് വ്യാപകമായി വേണ്ടതെന്ന് ഡബ്ല്യു.എച്ച്. ഒ ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയേക്കാള്‍ ഐസൊലേഷനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് മാര്‍ച്ച് 22ന് ഐസിഎംആര്‍ വ്യക്തമാക്കി.

മാര്‍ച്ച് 24-ന് ഇന്ത്യ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കി. വിമാനത്താവളങ്ങളിലെ രോഗപരിശോധനയേക്കാള്‍ രോഗത്തെ പിടിച്ചുകെട്ടാന്‍ ക്വാറന്റൈന്‍ ആണ് ഫലപ്രദമായ മാര്‍ഗമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയത്.

എന്നാല്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ ഫലപ്രദമാകില്ലെന്നായിരുന്നു ഡബ്ല്യു.എച്ച്.ഒ പറഞ്ഞിരുന്നത്.

അതേസമയം,രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5,000 കടന്നതോടെ വ്യാപക പരിശോധനയ്ക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രക്തപരിശോധന നടത്താനും ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനൊപ്പം കൊറോണ ചികിത്സയ്ക്ക് തെളിയിക്കപ്പെട്ട മരുന്നുകള്‍ ഇല്ലെന്നാണ് ഡബ്ല്യു.എച്ച്. ഒ പറയുന്നത്. എന്നാല്‍ ആന്റിവൈറല്‍ മരുന്നുകളായ ലോപിനാവിര്‍, റിട്രോനാവിര്‍ എന്നീ മരുന്നുകള്‍ രോഗികളില്‍ പരീക്ഷിച്ച് ഫലപ്രദമെന്ന് തെളിയിച്ചു.

എന്നാല്‍ രോഗികളുടെ ചികിത്സക്കായി ഇതിന് പകരം ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റിബയോട്ടിക് മരുന്നായ അസിത്രോമൈസിന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കാനാണ് ഇപ്പോള്‍ ഐസിഎംആര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തെ ജി20 നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ ലോകാരോഗ്യ സംഘടനയില്‍ അഴിച്ചുപണി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് വ്യക്തമായി പ്രതികരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.