രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചതിൽ 63 ശതമാനവും 60ന് മുകളിൽ പ്രായമുള്ളവർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ച്‌ മരിച്ചവരില്‍ 63 ശതമാനം 60 വയസിന് മുകളിലുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മരിച്ചവരില്‍ 30 ശതമാനം 40 മുതല്‍ 60 വയസുവരെയുള്ളവരാണ്. 40 വയസിന് താഴെയുള്ളവര്‍ 7 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരില്‍ 42 ശതമാനവും 21 മുതല്‍ 40 വരെ പ്രായമുള്ളവരിലാണെന്നും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 17 ശതമാനം മാത്രമേയുള്ളൂവെന്നും നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ 17 ശതമാനത്തില്‍ നിന്നാണ് കൂടുതല്‍ മരണവും ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയില്‍ 49 ശതമാനവും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ്.

രോഗികളുടെ പ്രായം പരിഗണിക്കുകയാണെങ്കിൽ 20 വയസിൽ താഴെയുള്ള ഒമ്പത് ശതമാനം ആളുകളാണുള്ളത്. 41 ശതമാനം രോഗികൾ 21നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 33 ശതമാനം രോഗികളുടെ പ്രായം 41നും 60നും ഇടക്കാണ്. രോഗികളിൽ 17 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 49 ശതമാനം വർധനയുണ്ടായി. മാർച്ച് 10നും 20നും ഇടക്കുള്ള 10 ദിവസം കൊണ്ട് രോഗികളുടെ എണ്ണം 50ൽ നിന്ന് 196 ആയി. 25 ആയപ്പോൾ അത് 606ഉം 31ന് 1,397ഉം ആയി. ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ അത് 3,072 ആയി ഉയർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.