ഇന്ത്യ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക്; മൂന്നാഴ്ച്ച രാജ്യം മുഴുവന്‍ അടച്ചിടും

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രി 12 മണിമുതല്‍ മൂന്ന് ആഴ്ചത്തേക്ക് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രധാനമായ തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതല്‍ രാജ്യം മുഴുവന്‍ അടച്ചിടുകയാണ് പ്രധാനമന്ത്രി പറഞ്ഞു. ജനതാ കര്‍ഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങള്‍ക്കു പ്രധാനമന്ത്രി നന്ദിയും പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴികള്‍ തകര്‍ക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണയെ നേരിടാന്‍ മറ്റു വഴികളില്ല. രോഗികള്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു