ലോകത്ത് കൊവിഡ് മരണസംഖ്യ 9000 കടന്നു; 24 മണിക്കൂറിനിടെ 712 മരണം

ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരിയില്‍ ലോകത്താകമാനം മരണം 9,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 712 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി 90,293 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു.ഇതുവരെ 9,020 മരണമാണ് സ്ഥിരീകരിച്ചത്. മഹാമാരിയുടെ പുതിയ പ്രഭവകേന്ദ്രമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ യൂറോപില്‍ ഇതുവരെ മരണം 4,134 ആയി.

ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ഇപ്പോൾ യൂറോപ്പിലാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ സമ്പൂർണ പ്രവേശനവിലക്ക് നിലവിൽ വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ സമ്പൂർണവിലക്ക് പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന് ഒരു യൂറോപ്യൻരാജ്യത്തേക്കും ഇനി യാത്ര ചെയ്യാനാവില്ല.

ഏഷ്യയില്‍ ഇതുവരെ 3,416 പേര്‍ക്കാണ് മരണം സംഭവിച്ചിരിക്കുന്നത്. അതിനിടെ റഷ്യയില്‍ ആദ്യ മരണവും സ്ഥിരീകരിച്ചു. മോസ്‌കോയില്‍ 79 കാരിയായ സ്ത്രീയാണ് മരിച്ചത്. റഷ്യയില്‍ ഇതുവരെ 147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യയില്‍ നിലവില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുകെയില്‍ മരണം 71 ല്‍ നിന്ന് 103 ആയി ഉയര്‍ന്നു.

ഇറാനിലും കൊവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. ഇവിടെ രോഗം ബാധിച്ച് ഇന്ന് ഒരു ഇന്ത്യൻ പൗരൻ മരിച്ചു. 149 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇറാനിൽ നിന്നുള്ള വിവരം. ഇറാനിലെ സ്ഥിതി ഗുരുതരമാണെന്നും സുരക്ഷിത സ്ഥലങ്ങളിലുള്ള ഇന്ത്യക്കാർ അവിടെ തന്നെ തങ്ങുന്നതാണ് ഉചിതമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ കരുതൽ നൽകുന്നുണ്‌ടെന്നും രോഗം ഭേദമായ ശേഷം ഇവരെ തിരിച്ചെത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.