തീക്കളി വേണ്ട; സിഎഎ പിന്‍വലിക്കും വരെ ‘സമാധാന’ സമരം: മമതാ ബാനര്‍ജി

തീകൊണ്ട് കളിക്കരുതെന്ന മുന്നറിയിപ്പുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുതിയ പൗരത്വ നിയമം പിന്‍വലിക്കുന്നത് വരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നാണ് മമത സര്‍ക്കാരിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മറ്റ് പാര്‍ട്ടികളെ കരിതേച്ച് കാണിച്ച് സ്വയം വെളുപ്പായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് തൃണമൂല്‍ മേധാവി പ്രസ്താവിച്ചു.

ബിജെപി ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാറില്ലെന്നാണ് മമതയുടെ പുതിയ ആരോപണം. കര്‍ണ്ണാടകയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം തടഞ്ഞുവെച്ച മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നിലപാടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് സമരം തുടരാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താന്‍ എപ്പോഴും ഇവര്‍ക്കൊപ്പം ഉണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. ആരെയും പേടിക്കേണ്ടതില്ലെന്നാണ് അവരുടെ ഉപദേശം. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.