ഇസ്രയേൽ പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് സമീപം റോക്കറ്റ് ആക്രമണം

ആഷ്‌കെലോണി: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അദ്ദേഹത്തെ സ്ഥലത്തുനിന്ന് മാറ്റി. തെക്കൻ ഇസ്രയേൽ നഗരമായ ആഷ്‌കെലോണിലേക്കാണ് ഗാസ മുനമ്പിൽ നിന്നും റോക്കറ്റ് തൊടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ലിക്കുഡ് പാർട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആഷ്‌കെലോണിലെത്തിയത്. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുകയും അദ്ദേഹം ഭാര്യ സാറക്കൊപ്പം പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങുകയായിരുന്നുവെന്നും ഇസ്രായേൽ ദേശീയ മാധ്യമായ ബ്രോഡ്കാസ്റ്റർ കെഎൻ 11 റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രയേലി ടിവി ചാനലുകൾ പ്രക്ഷേപണം ചെയ്തു.

മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിനാൽ നെതന്യാഹുവിനെ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുന്നതായിരുന്നു ദൃശ്യങ്ങൾ. ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ പ്രദേശത്തേക്ക് ഒരു റോക്കറ്റ് പ്രയോഗിക്കുകയും തങ്ങളുടെ അയൺ ഡോം പ്രതിരോധ സംവിധാനം അതിനെ തടയുകയും ചെയ്തെന്ന് സംഭവത്തെക്കുറിച്ച് പിന്നീട് ഇസ്രയേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.