സ്വകാര്യ ടാക്സി മേഖലയിലും സ്വദേശിവല്‍ക്കരണത്തിന് തുടക്കമിട്ട് സൗദി

റിയാദ്: സ്വകാര്യ ടാക്സി മേഖലയിലും സ്വദേശിവല്‍ക്കരണത്തിന് തുടക്കമിട്ട് സൗദി. ആദ്യ ഘട്ടം അടുത്ത മാസം ആദ്യ മുതല്‍ നടപ്പിലാകും. രാജ്യത്ത് നടക്കുന്ന പൊതു പരിപാടികളിലേക്കും അഘോഷ പരിപാടികളിലേക്കുമുള്ള ടാക്സി സര്‍വീസുകളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുക. രണ്ടായിരത്തി ഇരുപത്തിയൊന്നോടെ ഈ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണവും നടപ്പിലാക്കും.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും തമ്മില്‍ ധാരണയിലെത്തി. സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന് സ്വകാര്യ ടാക്സി കമ്പനികള്‍ക്ക് അനുവദിച്ച സമയം ഈ മാസത്തോടെ അവസാനിക്കും. ജനുവരി മുതല്‍ രാജ്യത്തെ പൊതു പരിപാടികളിലേക്കും ആഘോഷ പരിപാടികളിലേക്കുമുള്ള ടാക്സി സര്‍വീസുകളെ സ്വദേശികള്‍ക്ക് മാത്രമാക്കി നിയന്ത്രിക്കും.

ഘട്ടം ഘട്ടമായി ഈ മേഖലയില്‍ സ്വദേശി വല്‍ക്കരണം ഉയര്‍ത്തി സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് പദ്ധതി. രണ്ടായിരത്തി ഇരുപത് അവസാനിക്കുന്നതോടെ സ്വകാര്യ ടാക്സി മേഖലയില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടപ്പിലാക്കും. അടുത്ത വര്‍ഷം ഡിസംബറോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് രാജ്യത്തെ ചേംബര്‍ ഓഫ് കൊമേഴ്സുകള്‍ക്കും മന്ത്രാലയം സര്‍ക്കുല്‍ അയച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.