വിഴിഞ്ഞം തുറമുഖം ആദ്യഘട്ട നിർമ്മാണത്തിനുള്ള കരാർ കാലാവധി ഇന്ന് തീരും; പണി പൂർത്തിയാവാതെ പദ്ധതി അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻറെ ആദ്യഘട്ട നിർമ്മാണത്തിനുള്ള കരാർ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ ആദ്യഘട്ട നിർമ്മാണം ഇതുവരെ എങ്ങും എത്താതെ അനിശ്ചിതത്വം തുടരുകയാണ്. പണി തീരാൻ 2020 ഡിസംബർ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. കരാർ ലംഘിച്ചാൽ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും നയപരമായ തീരുമാനമെടുക്കാതെ സർക്കാറും അദാനിയുടെ മെല്ലെപോക്കിന് കൂട്ട് നിൽക്കുകയാണ്. പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള സർക്കാറിന്‍റെ ഉന്നതാധികാരസമിതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

പൈലിംഗും ഡ്രഡ്ജിംഗ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം മാത്രമാണ്. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നു. അടുത്ത ഡിസംബറിൽ തീരുമെന്ന് അദാനി പറയുമ്പോഴും സർക്കാർ ഇത് വരെ കാലാവധി നീട്ടിയിട്ടില്ല. ഓഖിദുരന്തം അടക്കമുള്ള പല കാരണം പറഞ്ഞ അദാനി സമയം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു.

കരാർ ലംഘിച്ചാൽ സർക്കാരിന് നഷ്ടപരിഹാരം ഈടാക്കാനാവുന്നതാണ്. ആദ്യത്തെ മൂന്ന് മാസങ്ങൾക്ക് ശേഷം നഷ്ടപരിഹാരം സർക്കാരിന് ഈടാക്കാം. ഒരോ ദിവസവും 12 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി സർക്കാറിന് നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.