റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌ സിഎജി; വരുമാന മിച്ചം 90 ശതമാനത്തോളം ഇടിഞ്ഞു

ന്യൂഡൽഹി > ഇന്ത്യൻ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി. രണ്ടുവർഷത്തിനിടെ വരുമാന മിച്ചം തൊണ്ണൂറ്‌ ശതമാനത്തോളം ഇടിഞ്ഞു. പ്രവർത്തനാനുപാതം 10 വർഷത്തെ ഏറ്റവും മോശപ്പെട്ട നിലയില്‍. പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടി. ലക്ഷം കോടിയുടെ നിർമാണപ്രവര്‍ത്തനം സ്‌തംഭിച്ചു. പൊതുമേഖലാസ്ഥാപനങ്ങളായ എൻടിപിസി, ഇർകോർ എന്നിവയിൽ നിന്ന്‌ ചരക്കുകൂലിയായി ഏഴായിരം കോടിയിലേറെ മുൻകൂർ വാങ്ങിയിരുന്നില്ലെങ്കിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയേനെ. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയിൽവേയില്‍ പിടിമുറുക്കിയതി‍ന്റെ കണക്കാണ് സിഎജി റിപ്പോർട്ട്‌ പുറത്തുവിട്ടത്.

മൂലധനച്ചെലവിൽ ആഭ്യന്തരവിഭവങ്ങളിലൂടെയുള്ള വിഹിതം 2014–-15ൽ 26.14 ശതമാനമായിരുന്നത്‌ 2017–-18ൽ 3.01 ശതമാനമായി ഇടിഞ്ഞു. കേന്ദ്രബജറ്റിൽ റെയിൽവേക്ക്‌ നീക്കിവെക്കുന്ന തുക കുറഞ്ഞു. ചെലവിനായി കടമെടുപ്പിലേക്ക് അമിതമായി നീങ്ങുന്നത്‌ സ്ഥിതി പരിതാപകരമാക്കും. മൂന്ന്‌ വർഷമായി റെയിൽ ബജറ്റുമില്ല. പൊതുബജറ്റിന്റെ അനുബന്ധം മാത്രമാക്കി.
വരുമാനമിച്ചം താഴോട്ട് റെയിൽവേയുടെ വരുമാനമിച്ചം 2015–-16ല്‍ 10505.97 കോടി ആയിരുന്നത് 2017–-18ല്‍ 1665.61 കോടിയായി. റെയിൽവേയുടെ പ്രവർത്തന ചെലവ്‌ കൂടി. 100 രൂപ വരുമാനത്തിനായി റെയിൽവേക്ക്‌ 2017–-18ല്‍ 98.44 രൂപ ചെലവിടേണ്ടിവന്നു. 2008–-09ൽ ഇത് 90.46 രൂപയായിരുന്നു.

© 2024 Live Kerala News. All Rights Reserved.