ധാക്കയിലെ കഫെ ഭീകരാക്രമണം: 7 ഭീകരര്‍ക്ക് വധശിക്ഷ

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ 2016 ജൂലായ് ഒന്നിന് നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ഭീകരര്‍ക്ക് വധശിക്ഷ. ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയില്‍ ബോംബ് സ്ഫോടനം നടത്തിയ ജമാഅത്തുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ഹദിസുര്‍ റഹ്മാന്‍, രാക്കിബുള്‍ ഹസന്‍ രേഗാന്‍, അസ്‌ലം ഹൊസൈന്‍ റാഷ്, അബ്ദസ് സബുര്‍ ഖാന്‍, ഷെരിഫുള്‍ ഇസ്‌ലാം ഖാലിദ്, മാമുനുര്‍ റാഷിദ് റിപോന്‍, ജഹാംഗീര്‍ ഹൊസൈന്‍ എന്നിവര്‍ക്കാണ് സ്പെഷ്യല്‍ ആന്റി ടെററിസം ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്.

ഇന്ത്യക്കാരനുള്‍പ്പെടെ 22 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളിലെ 17 പൗരന്‍മാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി വ്യക്തമാക്കിയ കോടതി യാതൊരു തരത്തിലുള്ള ദയയും ഇവര്‍ അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ എട്ടാംപ്രതി മിസാനുര്‍ റഹ്മാനെ തെളിവില്ലെന്ന് കാരണത്താല്‍ കോടതി വിട്ടയച്ചിരുന്നു.