മഹാരാഷ്ട്രയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഫട്‍നവിസ് സർക്കാർ; കർഷകർക്ക് 5380 കോടി

മുംബൈ: മഹാരാഷ്ട്രയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടാം ദിവസം മന്ത്രാലയയിലെത്തിയ ഫട്‍നവിസ് സംസ്ഥാനത്തെ കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു. കർഷകർക്കായി 5380 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നാളെ ഈ വിഷയം ചീഫ് സെക്രട്ടറിയുമായും ഫിനാൻസ് സെക്രട്ടറിയുമായും ചർച്ച നടത്തുമെന്നും ഫട്‍നവിസിന്‍റെ ഓഫീസ് അറിയിച്ചു. കർഷകർക്ക് കൂടുതൽ സഹായം പ്രഖ്യാപിക്കും. വരൾച്ചാ ദുരിതാശ്വാസത്തിന് വേണ്ട നടപടികൾ സ്വീകരിക്കും. ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്ന കാര്യം ലോകബാങ്ക് പ്രതിനിധികളുമായി ചർച്ച ചെയ്തു. ഈ പദ്ധതി നടത്തിപ്പിനായി പ്രത്യേക പദ്ധതി ക്യാബിനറ്റിന് മുന്നിൽ വച്ചു. ലോകബാങ്ക് പദ്ധതിക്കായി 3500 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചതായും ഫട്‍നവിസിന്‍റെ ഓഫീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് വർഷം മാത്രം 12,000 കർഷകരാണ് മഹാരാഷ്ട്രയിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. കർഷകരോഷം ഇരമ്പിയ തെരഞ്ഞ‌െടുപ്പിൽ ഗ്രാമീണ മേഖലകളിൽ ബിജെപിക്ക് ഏറ്റത് കനത്ത തിരിച്ചടിയാണ്. ഇത് മാറിക്കടക്കാനായാണ് ജനപ്രിയ പദ്ധതികളുമായി ഫട്‍നവിസ് രംഗത്തെത്തുന്നത്.