കേന്ദ്ര ചിട്ടി നിയമ ഭേദഗതി അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍: മന്ത്രി വി മുരളീധരന്‍

തൃശ്ശൂര്‍: ചിട്ടി ഫോര്‍മെന്‍ കമ്മീഷന്‍ ഏഴ് ശതമാക്കുന്നത് ഉള്‍പ്പെടെ കേന്ദ്ര ചിട്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ചൈത്യകാല സമ്മേളനത്തില്‍ പാസാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനം പരിശോധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ അപ്രതീക്ഷിതമായ കാരണങ്ങളാലാണ് ബില്‍ പരിഗണിക്കാനാകാതെവന്നത്. കേന്ദ്ര ചിട്ടി നിയമം കേരളത്തില്‍ പ്രാബല്യത്തിലായതോടെ സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ നലനില്‍പിനായി ക്ലേശിക്കുകയാണെന്ന് നിവേദക സംഘം മന്ത്രിയെ ബോധ്യപ്പെടുത്തി.

ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്നും മന്ത്രി മുരളീധരന്‍ വാഗ്ദാനം ചെയ്തു.

അസോസിയേഷന്‍ ചെയര്‍മാന്‍ ഡേവിസ് കണ്ണനായ്ക്കല്‍, സി.കെ.അനില്‍കുമാര്‍, എം.ജെ ജോജി എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

© 2024 Live Kerala News. All Rights Reserved.