കെ ഫോൺ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്‌; 20 ലക്ഷം വീട്ടിൽ സൗജന്യ ഇന്റർനെറ്റ്‌

തിരുവനന്തപുരം
സംസ്ഥാനത്ത്‌ 20 ലക്ഷം വീടുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ്‌ ലഭ്യമാക്കാൻ സർക്കാർ ആവിഷ്‌കരിച്ച കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്‌. കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസരണ ലൈനുകൾവഴി ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി നവംബർ ആദ്യം തുടങ്ങും. പദ്ധതിയുടെ കൺട്രോൾ റൂം ഡിസംബറോടെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. 1028.2 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക്‌ കിഫ്ബി 823 കോടി രൂപ അനുവദിച്ചിരുന്നു.

കെഎസ്ഇബി ലൈനിലൂടെ കേബിൾ വലിക്കുന്നതിനാൽ ഭൂമി കുഴിക്കുന്നത്‌ ഒഴിവാക്കാം. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ്‌ സൗജന്യ ഇന്റർനെറ്റ് നൽകുക. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും.വീടുകളിൽ ഫോണിനും ഇന്റർനെറ്റിനുമൊപ്പം ആവശ്യമെങ്കിൽ കേബിൾ ടിവിയും ലഭ്യമാകും. കേബിൾ കടന്നുപോകുന്ന 2800 കിലോമീറ്റർ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സർവേ പൂർത്തിയായി. 52,746 കിലോമീറ്റർ കേബിൾ കെഎസ്ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും.

സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്‌ സ്പോട്ടുകൾ സ്ഥാപിക്കും. വൈഫൈ ഹോട്ട്‌ സ്പോട്ട്‌ സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടർമാർ തയ്യാറാക്കി. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയൻ കമ്പനിയാണ്‌ നൽകുന്നത്‌. ഭാരത്‌ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡാ(ബിഇഎൽ)ണ്‌ പദ്ധതിനിർവഹണ ഏജൻസി.

© 2024 Live Kerala News. All Rights Reserved.