പുതിയ ബ്രക്‌സിറ്റ് ഉടമ്പടിക്ക് ധാരണയായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍

ലണ്ടന്‍: പുതിയ ബ്രക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ധാരണയായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ശനിയാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനം കരാറിന് അംഗീകാരം നല്‍കും.

ബോറിസ് ജോണ്‍സനും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറും ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, ബ്രക്‌സിറ്റില്‍ ധാരണയായെന്ന വാര്‍ത്തകള്‍ പരന്നതോടെ ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയ നിരക്ക് ഒരു ശതമാനത്തോളം ഉയര്‍ന്നു.

ഇതിനിടെ തെരേസ മേയേക്കാള്‍ മോശം കരാറിലാണ് ബോറിസ് ജോണ്‍സണ്‍ ഏര്‍പ്പെടുന്നതെന്നും എം.പിമാര്‍ ഇതിനെ എതിര്‍ക്കണമെന്നും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. പുതിയ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷയെ തകരാറിലാക്കും. കൂടാതെ, ബ്രിട്ടന്റെ സൗജന്യ ആരോഗ്യ സംവിധാനം സ്വകാര്യ യു.എസ് കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നതിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിബറല്‍ ഡെമോക്രാറ്റ് നേതൃത്വവും, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും പുതിയ ധാരണയ്‌ക്കെതിരെ പ്രതികരിച്ചു.

കഴിഞ്ഞ ജൂലായില്‍ അധികാരമേറ്റ ബോറിസ് ജോണ്‍സന്‍ കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ ഒക്ടോബര്‍ 31നകം ബ്രക്‌സിറ്റ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.