ബാബരി മസ്‌ജിദ്‌ ഭൂമി തർക്ക കേസ്: തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും

ന്യൂഡൽഹി: ബാബരി മസ്‌ജിദ്‌ ഭൂമി തർക്ക കേസ് വിധി പറയാൻ മാറ്റിവച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാകും യോഗം ചേരുക. അയോധ്യ പ്രശ്നത്തിലെ മധ്യസ്ഥ ചർച്ചകൾ വിജയം കണ്ടെന്ന് റിട്ട ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിക്കും.

നവംബർ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസിൽ അതിന് മുമ്പ് വിധി പറയുക എന്ന വലിയ ദൗത്യമാണ് ജഡ്ജിമാർക്കുള്ളത്. ഒപ്പം മധ്യസ്ഥ ചർച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിൽ എന്ത് തീരുമാനങ്ങളിലേക്ക് പോകണം എന്നതിൽ ജഡ്ജിമാർക്കിടയിൽ ഇന്ന് കൂടിയാലോചന നടക്കും.

കേസില്‍ 40 ദിവസം നീണ്ടു നിന്ന മാരത്തണ്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. സുപ്രീംകോടതി തന്നെ നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ഇടപെടല്‍ വിജയം കാണാത്തതിനെ തുടര്‍ന്നായിരുന്നു തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാനായി കാത്തിരിക്കുന്ന വേളയിലാണ് മധ്യസ്ഥത സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മധ്യസ്ഥ സമിതിയില്‍ സുപ്രീംകോടതിക്കുള്ള വിശ്വാസത്തില്‍ നന്ദി പറയുന്നുവെന്ന് മൂന്നംഗ സമിതിയിലെ അംഗമായ ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.