മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ ഇനി 83 കുടുംബങ്ങൾ മാത്രം; സാധനങ്ങൾ മാറ്റുന്നത് തുടരും

കൊച്ചി: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുമായി ഇനി ഒഴിയാൻ ശേഷിക്കുന്നത് 83 കുടുംബങ്ങൾ മാത്രം. രാത്രി 12 മണിക്കകം താമസക്കാരെല്ലാം ഫ്ലാറ്റ് വിട്ട് പോകണമെന്നായിരുന്നു ഉത്തരവെങ്കിലും വീട്ടുപകരണങ്ങൾ മാറ്റാൻ ജില്ല കളക്ടര്‍ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. വീട്ടുസാധനങ്ങൾ മാറ്റാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ജില്ലാഭരണകൂടം ഉടമകൾക്ക് സാവകാശം അനുവദിക്കുകയായിരുന്നു.

മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലെ 326 ഫ്ലാറ്റുകളിൽ നിന്നായി 243 ലധികം ഉടമകളാണ് ഇതിനോടകം ഒഴിഞ്ഞതെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. സമയക്രമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ശരിയായ മാർഗത്തിലൂടെ അപേക്ഷിച്ചവർക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

അതേസമയം സാധനങ്ങൾ നീക്കുന്നതിന് ഫ്ലാറ്റ് ഉടമകൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ സഹായം ഇന്നും തുടരും. സാധനങ്ങൾ നീക്കം ചെയ്യാൻ ഓരോ ഫ്ലാറ്റുകളിലും 20 വോളണ്ടിയർമാരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി പൊലീസിനേയും വിന്യസിച്ചു. സാധനങ്ങൾ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.