ആദ്യ സ്വകാര്യ ട്രെയിൻ ഇന്നോടും ; കരിദിനം ആചരിച്ച്‌ ജീവനക്കാർ

റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ വെള്ളിയാഴ്‌ചമുതൽ ഓടിത്തുടങ്ങും. ഡൽഹിമുതൽ ലഖ്‌നൗ വരെ സർവീസ് നടത്തുന്ന തേജസ്സ് ട്രയിനാണ്‌ സ്വകാര്യവൽക്കരണത്തിന്‌ തുടക്കം കുറിച്ച്‌ കൂകിയെത്തുന്നത്‌. ശനിയാഴ്‌ചമുതൽ പ്രതിദിന സർവീസ്‌ ആരംഭിക്കും. ഇതിന്‌ പിന്നാലെ ബോംബെ -–-അഹമ്മദാബാദ് തേജസ്സ് ട്രയിനും സർവീസ്‌ ആരംഭിക്കും. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ വെള്ളിയാഴ്‌ച റെയിൽവേയിലെ ട്രേഡ്‌ യൂണിയനുകൾ കരിദിനമാചരിക്കുന്നുണ്ട്‌.

രാജ്യത്തെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച്‌ മികച്ച വരുമാനമുള്ള 28 റൂട്ടിലെ 150 ട്രെയിനാണ്‌ സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറുന്നത്‌. ഇതിൽ ദക്ഷിണ റെയിൽവേയിലെ നാല്‌ റൂട്ടുണ്ട്‌. ചെന്നൈ–-ബംഗളൂരു, ചെന്നൈ–-കോയമ്പത്തൂർ, ചെന്നൈ–-മധുര, തിരുവനന്തപുരം–-എറണാകുളം റൂട്ടുകളാണിത്‌. ഈ റൂട്ടുകളിലേക്ക്‌ സ്വകാര്യ ഏജൻസികളിൽനിന്ന്‌ ടെൻഡർ ക്ഷണിക്കാൻ റെയിൽവേ ബോർഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. തത്‌കാൽ നിരക്കിനെക്കാൾ 25 ശതമാനം അധികമാണ്‌ സ്വകാര്യ ട്രെയിനുകളിലെ അടിസ്ഥാന നിരക്ക്‌. മുതിർന്ന പൗരൻമാർക്ക്‌ ലഭിക്കുന്ന ഇളവ്‌ ഉൾപ്പെടെ യാത്രാസൗജന്യങ്ങൾ ഒന്നും ലഭിക്കില്ല. സമയ കൃത്യത, ഇൻഷുറൻസ്‌,
ട്രെയിൻ വൈകിയാൽ നഷ്‌ടപരിഹാരം തുടങ്ങിയവയാണ്‌ സ്വകാര്യ സർവീസുകളുടെ വാഗ്‌ദാനങ്ങൾ. സ്വകാര്യ ട്രെയിനുകൾക്ക്‌ കടന്നുപോകാൻ സാധാരണ
ട്രെയിനുകൾ പിടിച്ചിടുന്ന സ്ഥിതിയാണ്‌ വരാൻ പോകുന്നത്‌.