മഹാത്മാ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം കാണിച്ചുതന്ന സത്യത്തിന്‍റെ പാത പിന്തുടരണം; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാത്മാ ഗാന്ധിയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം കാണിച്ചുതന്ന സത്യത്തിന്‍റെ പാത പിന്തുടരാന്‍ ബിജെപി തയ്യാറാകണമെന്ന് പ്രിയങ്ക പറഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച നിശബ്ദ റാലിയില്‍ പങ്കെടുക്കുന്നതിന് മുമ്പായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

‘സത്യത്തിന്‍റെ പാത പിന്തുടരണമെന്നത് ഗാന്ധിജിയുടെ നിര്‍ദ്ദേശമായിരുന്നു. ബിജെപി ആദ്യം സത്യത്തിന്‍റെ പാത പിന്തുടരൂ അതിനുശേഷം ഗാന്ധിയിജിയെക്കുറിച്ച് സംസാരിക്ക്’- പ്രിയങ്ക പറഞ്ഞു.

ലൈംഗികപീഡനക്കേസില്‍ സ്വാമി ചിന്മയാനന്ദിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ അനുകൂലിച്ച് മാര്‍ച്ച് നടത്തിയ 80 കോമ്‍ഗ്രസ് പ്രവര്‍ത്തകരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അതിക്രമങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുകയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.