ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി: പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുന്ന നാലിടത്തെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ പി മോഹൻരാജും എറണാകുളത്ത് ടി ജെ വിനോദും വട്ടിയൂർകാവിൽ കെ മോഹൻകുമാറും സ്ഥാനാർത്ഥികളാകും. ഒറ്റ പേരുള്ള പട്ടിക കെപിസിസി ഇന്നലെ രാത്രിതന്നെ ഹൈക്കമാൻഡിന് കൈമാറി.

വൈകി കെപിസിസിയിൽ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ബെന്നി ബെഹന്നാനും നടത്തിയ ചർച്ചയിലാണ് സ്ഥാനാർത്ഥി പട്ടികയില്‍ ധാരണയായത്. കെ സി വേണുഗോപാലുമായും ആശയവിനിമയം നടത്തിയ ശേഷമാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്. ഒറ്റപ്പേരുള്ള ലിസ്റ്റായതിനാൽ മാറ്റങ്ങളില്ലാതെ ഹൈക്കമാൻഡ് അംഗീകരിക്കും. ശേഷമാകും പ്രഖ്യാപനം.

മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അരൂർ പിടിക്കാനുള്ള ചുമതല ഷാനിമോൾക്ക് കെപിസിസി നൽകിയത്. കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂർ ഐ ക്ക് നൽകിയത്. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് ലിജുവിന്റെ തീരുമാന പ്രകാരം അദ്ദേഹത്തെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.