പിഎസ്‌സി പരീക്ഷാ നടത്തിപ്പ്‌ അവശ്യ സർവീസാക്കുന്നു

പരീക്ഷാനടത്തിപ്പ്‌ അവശ്യസർവീസായി പ്രഖ്യാപിക്കാൻ സർക്കാരിനോട്‌ ശുപാർശചെയ്യാൻ പിഎസ്‌സി തീരുമാനം. ഇൻവിജിലേറ്റർമാരായി അധ്യാപകരുടെ സേവനം പൂർണമായും പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ നടപടി. പരീക്ഷാകേന്ദ്രങ്ങളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കണം എന്നതടക്കമുള്ള ശുപാർശകൾ സർക്കാരിന്‌ സമർപ്പിക്കും.

ഭരണഘടനാസ്ഥാപനമായ പിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിന്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ സമാനമായി അധ്യാപകരുടെ സേവനം ഉറപ്പാക്കണം. ഇൻവിജിലേറ്റർമാരായി അധ്യാപകരെ നിർബന്ധമായും ഉറപ്പാക്കാനുള്ള നടപടികൾ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവുമായി ചർച്ചചെയ്‌തു. ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പിഎസ്‌സിയെ ശക്തിപ്പെടുത്താൻ സർക്കാരിൽനിന്ന്‌ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

പരീക്ഷാകേന്ദ്രങ്ങളിൽ നിർദേശങ്ങൾ കർക്കശമായി പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ചീഫ്‌ സൂപ്രണ്ടിനും അസിസ്റ്റന്റ്‌ ചീഫ്‌ സൂപ്രണ്ടിനും നൽകുന്ന ചെക്ക്‌ലിസ്റ്റ്‌ കർശനമാക്കും. വാക്കാലുള്ള നിർദേശത്തിനുപുറമെ ഉദ്യോഗാർഥികളെ പരിശോധിക്കാനുള്ള ചുമതലയും ഇൻവിജിലേറ്റർമാർക്കുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട്‌ നടന്നാൽ ഇൻവിജിലേറ്റർമാരും ഉത്തരവാദികളാകും. ചുറ്റുമതിൽ ഇല്ലാത്ത സ്‌കൂളുകളിൽ നിശ്ചിതസമയത്തിനുശേഷവും പരീക്ഷാവേളയിലും മറ്റും പുറത്തുനിന്ന്‌ ആളുകൾ പ്രവേശിക്കുന്നത്‌ തടയാനാണ്‌ പൊലീസിന്റെ സഹായം തേടുന്നത്‌.

© 2024 Live Kerala News. All Rights Reserved.