ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി

വാഷിംഗ്ടണ്‍ ; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി.

മുന്‍ വൈസ്പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളിലൊരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ലോദിമെര്‍ സെലെന്‍സ്‌കിക്കുമേല്‍ ട്രംപ് നിരന്തരം സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്മേലാണ് ഇംപീച്ച്മെന്റിലേക്കു തന്നെ നീങ്ങാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.

ഡെമോക്രാറ്റിക് നേതാവും ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കറുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമിടുകയാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റാണെങ്കിലും അദ്ദേഹവും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും പരിശോധനകള്‍ക്ക് വിധേയനാകേണ്ടി വരുമെന്നും പെലോസി വ്യക്തമാക്കി.

രാഷ്ട്രീയ ലാഭത്തിനായി വിദേശ നയത്തെ ചൂഷണം ചെയ്യുന്നതും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ മറ്റു രാജ്യങ്ങളെ ഇടപെടുത്തുന്നതും ഭരണഘടനാ ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ഡെമോക്രാറ്റിക് നേതൃത്വം വിലയിരുത്തുന്നുവെന്നും നാന്‍സി പെലോസ്‌കി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.