മരട് ഫ്ലാറ്റ് കേസ് ഇന്ന് സുപ്രീം കോടതിയിൽ; ചീഫ് സെക്രട്ടറി ഹാജരാകും; നിർണായക ദിനം

ന്യൂഡൽഹി: സുപ്രീം കോടതി ഈ മാസം 20 ന് മുൻപായി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരട് ഫ്ളാറ്റ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ കോടതി അന്വേഷിക്കും. സംസ്ഥാന സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും ഏറെ പ്രാധാന്യമുള്ളതാണ് ഈ ദിനം. ഫ്ലാറ്റ് ഇതുവരെ പൊളിച്ചിട്ടില്ലാത്തതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാട് എന്താകും എന്ന് ഇന്നറിയാം.

കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാനായി ചീഫ് സെക്രട്ടറി ടോം ജോസ് രാത്രിയോടെ ഡൽഹിയിലെത്തി. കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതാണ് നല്ലതെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.