ആര്‍എസ്എസിന്റെ വേദ സര്‍വ്വകലാശാല അടുത്ത അധ്യയന വര്‍ഷം മുതല്‍

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ വേദ സര്‍വ്വകലാശാല അടുത്ത അധ്യയന വര്‍ഷം മുതല്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിക്കും. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞ്യാന്‍ ഏകം പ്രത്യോഗിത് വിശ്വവിദ്യാലയം ആണ് അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വേദകാലഘട്ടത്തെയും, ഭാരതത്തിന്റെ വിശ്വഗുരു പദവിയും വീണ്ടെടുക്കുകയാണ് സര്‍വ്വകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു

39.68 ഏക്കറിലാണ് സര്‍വ്വകലാശാല നിര്‍മ്മിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി നിര്‍മ്മാണം വ്യാപിക്കും. ആധുനിക – വേദ വിദ്യാഭ്യാസ രീതികള്‍ കൂട്ടിയിണക്കിയാണ് പാഠ്യപദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഗുരുകുല സമ്പ്രദായത്തെ അനുസ്മരിപ്പിക്കും വിധമാകും ഇവിടുത്തെ അധ്യാപന രീതി. മരങ്ങളുടെ ചുവട്ടിലും മറ്റുമായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.

വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും ക്യാമ്പസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു വ്യക്തി എഎന്‍ഐയോട് വ്യക്തമാക്കി.