ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു ; ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കും

സൗദി : ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. ബാരലിന് 70 ഡോളര്‍ വരെ വില ഉയര്‍ന്നു.

നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.

കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് ഇറാഖ് – കുവൈത്ത് യുദ്ധ കാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം മാറ്റം രേഖപ്പെടുത്തിയത്.

എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനത്തോളം ഇവിടെനിന്നാണ്. സൗദി അറേബ്യയില്‍ നിന്നുളള ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് ഇന്ത്യന്‍ വിപണിയിലും വില വര്‍ധന പ്രതിഫലിക്കും.

© 2024 Live Kerala News. All Rights Reserved.