കശ്മീര്‍ നയപ്രഖ്യാപനത്തിന് ഒരുങ്ങി പാക്കിസ്ഥാന്‍ ; പ്രതിഷേധ സമ്മേളനം ഇന്ന്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷഭരിതമായ ഉഭയകക്ഷി ബന്ധത്തിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ന് കശ്മീര്‍ നയപ്രഖ്യാപന പ്രസ്താവന നടത്തും. പാക് അധിനിവേശ കശ്മീരിന്‍റെ തലസ്ഥാനമായ മുസഫറാബാദില്‍ റാലിയിലാണ് നയപ്രഖ്യാപനം നിശ്ചിയിച്ചിട്ടുള്ളത്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ തീരുമാനത്തെ നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് നയപ്രഖ്യാപനം.

പാകിസ്ഥാൻ കശ്മീരിനൊപ്പം നിൽക്കുന്നു, ലോകശ്രദ്ധ കശ്മീരിലേക്ക് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമ്മേളനമെന്ന് ഇമ്രാൻ ഖാൻ സെപ്തംബർ 11ന് ട്വീറ്റ് ചെയ്തിരുന്നു. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകർഷിക്കാനുള്ള നീക്കങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാൻ ഖാന്‍റെ പുതിയ തീരുമാനം.

അതേസമയം, യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങൾക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ഒരു വശത്ത് ഭീകരവാദം വളർത്തുന്ന പാകിസ്ഥാൻ തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകൾ മെനയുകയാണെന്ന് ഇന്ത്യ യുഎന്നിൽ വ്യക്തമാക്കി.

കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു. യുഎൻ മനുഷ്യാവകാശ കമ്മീഷനിലടക്കം കശ്മീർ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.