ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കും, സമരത്തിനൊരുങ്ങി ഫ്ലാറ്റ് ഉടമകൾ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ നഗരസഭ നൽകിയ കാലാവധി നാളെ അവസാനിക്കാനിരിക്കെ കുടുംബങ്ങൾ വീണ്ടും സമരത്തിനെത്തുന്നു. ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ ആലോചന.

ഇന്ന് വിവിധ ഫ്ലാറ്റുകളിലെ ഉടമകൾ യോഗം ചേർ‍ന്ന് സമരപരിപാടികൾ തീരുമാനിക്കും. ഇതിനിടെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കേരളത്തിലെ 140 എം.എൽ.എൽഎമാർക്കും ഫ്ലാറ്റ് ഉടമകൾ സങ്കടഹർജി നൽകി.

അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്.

അഞ്ചു ഫ്ളാറ്റുകളിലുമായി 350ൽ ഏറെ കുടുംബങ്ങൾ ആണുള്ളത്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഉടമകൾ ഒരുവശത്തു പ്രതിഷേധിക്കുമ്പോൾ മരട് നഗര സഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

അതേസമയം, ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്ലാറ്റുടമകൾ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഓപ്പം ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെയയും സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഫ്ലാറ്റുടമകൾ. ചൊവ്വാഴ്ചയോടെ ഈ ഹർജിയും ഫയൽ ചെയ്യുന്നതിനാണ് തീരുമാനം.

ഒഴിയാനുള്ള ദിനം അടുക്കുന്തോറും ഉടമകൾക്ക്‌ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഏറി വരികയാണ്. കോടിയേരി ബാല കൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും നാളെ ഫ്ലാറ്റുകൾ സന്ദർശിക്കും.

© 2024 Live Kerala News. All Rights Reserved.