ആര്‍ട്ടിക്കിള്‍ 370; കശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച്‌ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍

ന്യൂയോര്‍ക്ക്: ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിനുശേഷമുളള സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച്‌ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിന്റെ 42-ാമത് സെഷനില്‍ സംസാരിക്കുമ്ബോഴാണ് നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള സ്ഥിതിഗതികളെക്കുറിച്ച്‌ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പരാമര്‍ശിച്ചത്.

കാശ്മീരുമായി ബന്ധപ്പെട്ട്, നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമേലുളള നിയന്ത്രണം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുവയ്ക്കല്‍ തുടങ്ങി കാശ്മീര്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കുമേലുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈകടത്തലില്‍ താന്‍ വളരെയധികം ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ഹൈക്കമ്മിഷണര്‍ വ്യക്തമാക്കി.