അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ

ഗുവഹാട്ടി ; ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഭാരതത്തിൽ തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുന്നുണ്ട് . ഈ സാഹചര്യത്തില്‍ ഒരുകാര്യം വ്യക്തമാക്കുന്നു. ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കർശനമായ നിലപാടുണ്ട് . രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട അസമിലെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു .

നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ സർക്കാരിന്റെ നിലപാട് കൂടുതൽ ശക്തമായി സൂചിപ്പിച്ചത് .അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ ആകെ 3,29,91,384 പേരാണ് അപേക്ഷ നല്‍കിയത്. ആദ്യ കരട് പട്ടികയില്‍ 2,89,83,677 പേരാണ് ഉള്‍പ്പെട്ടത്. 41 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടു. എന്നാല്‍ പുന:പരിശോധനയ്ക്ക് ശേഷം പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയില്‍ 3,11,21,004 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.