ശബരിമലയില്‍ നിലവിലെ സ്ഥിതി തന്നെ തുടരും; സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണത്തിനൊരുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണത്തിനൊരുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ നിലവിലെ സ്ഥിതിയില്‍ നിന്ന് മാറ്റം വരുത്താന്‍ ആലോചിച്ചിട്ടില്ല. ഭരണത്തിനായി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ ഭരണകാര്യങ്ങളിലുള്‍പ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിര്‍മാണം നടത്തുമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്‍മേല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അത്തരം നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദടക്കം വ്യക്തമാക്കിയത്.