മസൂദ്‌ അസറടക്കം 4 പേരെ ഭീകരരായി പ്രഖ്യാപിച്ചു

ന്യൂഡൽഹി
ജെയ്‌ഷെ മുഹമദ്‌ തലവൻ മസൂദ്‌ അസറിനെയടക്കം നാലുപേരെ യുഎപിഎ നിയമപ്രകാരം കേന്ദ്ര സർക്കാർ ഭീകരരായി പ്രഖ്യാപിച്ചു. അസറിനു പുറമെ ലഷ്‌കർ ഇ തോയ്‌ബ തലവൻ ഹഫീസ്‌ സെയ്‌ദ്‌, ലഷ്‌കർ ഉപമേധാവി സാക്കിയൂർ റഹ്‌മാൻ ലഖ്‌വി, പാകിസ്ഥാനിൽ കഴിയുന്ന അധോലോക രാജാവ്‌ ദാവൂദ്‌ ഇബ്രാഹിം എന്നിവരെയാണ്‌ ഭീകരരായി പ്രഖ്യാപിച്ചത്‌. സംഘടനകൾക്കു പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കുംവിധം യുഎപിഎ നിയമത്തിൽ കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

ഫെബ്രുവരി 14ലെ പുൽവാമ ആക്രമണം അടക്കം അഞ്ച്‌ കേസിലാണ്‌ അസർ ഉൾപ്പെട്ടത്‌. അസറിനെതിരായ നിരവധി കേസുകൾ എൻഐഎ അന്വേഷിച്ചുവരികയാണെന്നും പത്താൻക്കോട്‌ വ്യോമതാവള ആക്രമണ കേസിൽ കുറ്റപത്രം ചുമത്തിയിട്ടുണ്ടെന്നും അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന്‌ കാരണങ്ങളായി പറയുന്നു. 2000ലെ ചെങ്കോട്ട ആക്രമണവും 2008ലെ മുംബൈ ആക്രമണവും അടക്കം നാല്‌ കേസാണ്‌ ഹഫീസ്‌ സെയ്‌ദിനെതിരായുള്ളത്‌. മുംബൈ ആക്രമണം അടക്കം നാലുകേസാണ്‌ ലഖ്‌വിക്കെതിരായി പരാമർശിക്കപ്പെടുന്നത്‌. 1993ലെ മുംബൈ സ്‌ഫോടന കേസാണ്‌ ദാവൂദിനെതിരായി മുഖ്യമായും ഉന്നയിക്കപ്പെടുന്നത്‌.

© 2024 Live Kerala News. All Rights Reserved.