കേരളം കടുത്ത വില കയറ്റം നേരിടേണ്ടി വരും

ഹൈദരാബാദ്: ഓണക്കാലത്ത് കേരളം കടുത്ത വിലക്കയറ്റത്തിലേക്ക്. അരിയുടെ ആവശ്യം കൂടിയിരിക്കെ ആന്ധ്രയില്‍നിന്നു കേരളത്തിലേക്കുള്ള ചരക്കുനീക്കം മില്ലുടമകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. മൂന്നു വര്‍ഷമായി സര്‍ക്കാര്‍ വരുത്തിയ 100 കോടിയില്‍ അധികം രൂപയുടെ ബാധ്യത തീര്‍ക്കാതെ ഓണത്തിന് ആന്ധ്രയില്‍നിന്ന് അരിയെത്തില്ല. അരി നീക്കം നിലച്ചതിനാല്‍ കേരള വിപണി പൂര്‍ണമായും താളം തെറ്റും.

കേരളത്തില്‍ മാത്രം ആവശ്യക്കാരുള്ള ജയ സുരേഖ അരികള്‍ ഇവിടുത്തെ ഗോഡൗണുകളില്‍ കൂടികിടന്നു മാറാല പിടിക്കുന്നു. ഇവിടുത്തെ 130ല്‍ അധികം മില്ലുകളിലെയും അവസ്ഥ ഇതാണ്. ഓണത്തിനു വേണ്ടി ഒരുക്കിവച്ച ഒരു ചാക്ക് അരിപോലും നാട്ടിലേക്ക് ഇവര്‍ അയക്കില്ല.
കണ്‍സ്യൂമര്‍ഫെഡ് മാത്രം ഇവിടുത്തെ മില്ലുടമകള്‍ക്കു നല്‍കാനുള്ളത് 100 കോടിയില്‍ അധികം രൂപയാണ്. മറ്റ് സ്വകാര്യ കച്ചവടക്കാരുടെ ബാധ്യത കൂടി കൂട്ടിയാല്‍ തുക 600 കോടി കവിയും. കേരളത്തില്‍നിന്ന് കിട്ടാനുള്ള പണം കുമിഞ്ഞു കൂടിയതോടെയാണ് ഈസ്റ്റ് ഗോദാവരി റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ സംയുക്തമായി ഒരു തീരുമാനമെടുത്തത്. കടം തീര്‍ക്കാതെ കേരളത്തിലേക്ക് അരി അയക്കില്ല.

ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാക്കിനടയില്‍നിന്ന് ഒരു മാസം 75000 ടണ്‍ അരിയാണ് തീവണ്ടി വഴി കേരളത്തിലെത്തുന്നത്. ഇതുകൂടാതെ 10,000 മുതല്‍ 20000 ടണ്‍ അരിവരെ ലോറിയിലും എത്തും. രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ഗുഡ്‌സ് ട്രെയിന്‍ എന്ന കണക്കിലാണ് കേരളത്തിലേക്ക് അരിയെത്തുന്നത്. ഓണക്കാലം ആകുമ്പോള്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധന ഉണ്ടാകും.
ഓണം അടുത്തെത്തി ആവശ്യക്കാരും ഏറുന്ന സമയത്താണ് അസോസിയഷന്റെ തീരുമാനം വരുന്നത്. ആദ്യം ഗുഡ്‌സ് ട്രെയിന്‍ വഴിയും ദിവസങ്ങള്‍ക്ക് മുമ്പ് ലോറി വഴിയും അരി അയക്കുന്നതു നിര്‍ത്തി.

സ്വകാര്യ കച്ചവടക്കാര്‍ക്ക് ആദ്യം അരി അയച്ചിരുന്നെങ്കിലും ഇവര്‍ അതു കണ്‍സ്യുമര്‍ഫെഡിന് നല്‍കുന്നുവെന്ന വിവരം കിട്ടിയതോടെ അസോസിയേഷന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങി.

ഇതിനു വിരുദ്ധമായി മില്ലുടമകളോ, കച്ചവടക്കാരോ പ്രവര്‍ത്തിച്ചാല്‍ അവരുമായി ഭാവിയില്‍ ഒരിക്കലും സഹകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ അസോസിയേഷന്‍. അരിനീക്കം നിലച്ചതിനാല്‍ 90 ശതമാനം മില്ലുകളും ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

courtesy:ASIANET NEWS, AKHILA PREMACHANDRAN

© 2024 Live Kerala News. All Rights Reserved.