ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയാ അഴിമതിക്കേസില്‍ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്‌ത് നൽകിയ ഒരു ഹർജിയും എൻഫോഴ്‌സ്‌മെന്‍റിന്‍റ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള മറ്റൊരു ഹർജിയുമാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണിനയ്ക്ക് വരുന്നത്. ജസ്റ്റിസ്മാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്
ഇഡിയുടെ അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ നീട്ടണമെന്ന് ചിദംബരം ആവശ്യപ്പെട്ടേക്കും. ഇമെയില്‍ തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാവും എന്‍ഫോഴ്സ്മെന്‍റ് ചിദംബരത്തിന്‍റെ വാദത്തെ എതിര്‍ക്കുക. മുദ്രവച്ച കവറിൽ തെളിവുകൾ കൈമാറാൻ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്‍റ് ശ്രമിച്ചെങ്കിലും എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതി നിലപാട്.
അതേസമയം, നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.