ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ കോണ്‍ഗ്രസിന്റെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു. 21 മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി. എല്ലാ മന്ത്രിമാരും സ്വമേധയാ രാജിവെക്കാന്‍ തയ്യാറായെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. അതേസമയം ജെ.ഡി.എസ് മന്ത്രിമാരും ഉടന്‍ രാജിവെച്ചേക്കും എന്നാണ് സൂചന. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ നേരിടുന്നപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ രാജിവച്ചത്.
കഴിഞ്ഞ ദിവസം സ്വതന്ത്ര എം.എല്‍.എയും മന്ത്രിയുമായിരുന്ന എച്ച് നാഗേഷ് രാജിവച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി.നാഗേഷിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയുടെ അടുത്ത അനുയായി ശോഭ കരന്തലജെ പ്രതികരിച്ചു.