പാക്ക് അധീന കശ്മീരില്‍വച്ച് ടൈഗര്‍ മേമനെ കണ്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ

 

ശ്രീനഗര്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയും യാക്കൂബിന്റെ സഹോദരനുമായ ടൈഗര്‍ മേമനെ പാക്ക് അധീന കശ്മീരില്‍വച്ച് കണ്ടുവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംഎല്‍എ. ജമ്മു കശ്മീരിലെ ബന്ധിപ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉസ്മാന്‍ മജീദാണ് സ്‌ഫോടനമുണ്ടായ 1993ന്റെ അവസാന നാളുകളില്‍ പാക്ക് അധീന കശ്മീരില്‍വച്ച് ടൈഗര്‍ മേമനെ കണ്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

ആദ്യം ഭീകരവാദിയായിരുന്ന ഉസ്മാന്‍ മജീദ് പിന്നിട് മനസുമാറി തിരിച്ചുവന്ന ആളാണ്. രണ്ടു വര്‍ഷത്തോളം പാക്കിസ്ഥാനില്‍ പ്രവര്‍ത്തിച്ച ഇയാള്‍ പിന്നീട് തിരിച്ചെത്തി ഇന്ത്യന്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്ന ഉസ്മാന്‍ 2002ല്‍ ബന്ദിപ്പൂരില്‍ നിന്നും സ്വതന്ത്രനായി മല്‍സരിച്ചു വിജയിച്ചു. 2008ല്‍ പരാജയപ്പെട്ടെങ്കിലും 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് നിയമസഭയിലെത്തി.

സഹോദരനായ യാക്കൂബ് മേമന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ തന്നെ വധിക്കുമെന്ന ഭയം ടൈഗര്‍ മേമന് ഉണ്ടായിരുന്നതായും ഉസ്മാന്‍ പറഞ്ഞു. ഇതോടെ ടൈഗര്‍ മേമന്‍ ദുബായിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍, വ്യക്തമായ ഉപാധികള്‍ മുന്നോട്ടുവച്ച് ഐഎസ്‌ഐ ടൈഗര്‍ മേമനെ തിരികെ പാക്കിസ്ഥാനിലെത്തിക്കുകയായിരുന്നു. ടൈഗര്‍ മേമനും ഇന്ത്യയ്ക്ക് കീഴടങ്ങുന്നത് ഒഴിവാക്കുന്നതിനായിരുന്നു ഇതെന്നും ഉസ്മാന്‍ വെളിപ്പെടുത്തുന്നു.

യാക്കൂബ് കീഴടങ്ങുന്നതിന് മുന്‍പ് വന്‍ സൗകര്യങ്ങളാണ് പാക്കിസ്ഥാനില്‍ ഐഎസ്‌ഐ ടൈഗര്‍ മേമന് നല്‍കിയിരുന്നത്. യാക്കൂബ് കീഴടങ്ങിയതോടെ നല്‍കിവന്ന സൗകര്യങ്ങള്‍ വെട്ടിക്കുറച്ചു. നല്‍കിയിരുന്ന വീടുപോലും തിരിച്ചെടുത്തു. മൂന്നു കാറുകളുണ്ടായിരുന്നതും തിരിച്ചെടുത്തു ഉസ്മാന്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.