വിന്‍ഡോസ് 10നെതിരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍

 

വിന്‍ഡോസ് 10 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അതിനെ എതിര്‍ത്ത് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ (എഫ്.എസ്.എഫ്.) രംഗത്ത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വെല്ലുവിളിയാവുകയാണ് വിന്‍ഡോസ് 10 എന്നാണ് യു.എസ്സിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള സംഘടന പ്രസ്താവനയില്‍ പറയുന്നത്. പകരം സ്വതന്ത്ര സോഫ്റ്റ്‌വേറായ ഗ്‌നു/ലിനക്‌സ് ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട് പ്രസ്താവന.

വിന്‍ഡോസ് ഫ്രീ സോഫ്റ്റ്‌വെയറല്ല (ഫ്രീ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഫ്രീഡം ആണ്, പണം വാങ്ങുന്നതില്‍ അന്യായമില്ല). അതുകൊണ്ടുതന്നെ അത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണ് എന്നാണ് എഫ്.എസ്.എഫ്. പറയുന്നത്.

വിന്‍ഡോസിന്റെ ലൈസന്‍സ്, പ്രൈവസി പോളിസി തുടങ്ങിയവ നേരിട്ട് വിലയിരുത്തിയും ഫോര്‍ബ്‌സ് പോലുള്ള ആധികാരികസ്രോതസ്സുകളെ ഉദ്ധരിച്ചും തയ്യാറാക്കിയ കുറിപ്പില്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ എന്‍.എസ്.എയില്‍നിന്ന് നേരിടാവുന്ന പ്രശ്‌നങ്ങളും പരാമര്‍ശിക്കുന്നു.

ലളിതവും സുതാര്യവും എന്ന പേരില്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച സേവനനിബന്ധനകള്‍ പഴുതുകള്‍ നിറഞ്ഞതാണെന്ന് ‘യൂറോപ്യന്‍ ഡിജിറ്റല്‍ റൈറ്റ്‌സ്’ കണ്ടെത്തിയിരുന്നു. ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനും ഓരോ നീക്കവും രേഖപ്പെടുത്താനും കമ്പനിക്ക് നിയമപരമായ അധികാരം നല്‍കുന്നതാണിവ. ഉപയോക്താവിന്റെ ഈമെയിലുകള്‍ പോലും നിരീക്ഷിക്കപ്പെടാമെന്ന് മൈക്രോസോഫ്റ്റ് ഇവിടെ വ്യക്തമാക്കുന്നു. ഓരോ വിഭാഗത്തിലെയും Learn More ബട്ടണ്‍ ക്ലിക്ക് ചെയ്താലേ ഇതെല്ലാം വെളിവാകൂ.

മൈക്രോസോഫ്റ്റടക്കമുള്ള കമ്പനികള്‍ എന്‍.എസ്.എ.യ്ക്ക് ഇത്തരം വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും യു.എസ്. സര്‍ക്കാരും മൈക്രോസോഫ്റ്റും തമ്മിലുള്ള ബന്ധം വിന്‍ഡോസ് ഉപയോഗിക്കുന്ന മറ്റു സര്‍ക്കാരുകള്‍ക്ക് ഭീഷണിയാണെന്നും ബ്ലൂംബര്‍ഗ് ആരോപിക്കുന്നു.

നിര്‍ബന്ധിത അപ്‌ഡേറ്റുകളാണ് മറ്റൊരു വിഷയം. മറ്റു പതിപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഒഴിവാക്കാനാവാത്ത ഓട്ടോമാറ്റിക് അപ്‌ഡേറ്റാണ് വിന്‍ഡോസ് 10ലുള്ളത്. ഉപയോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ അയാളുടെ കംപ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയയാണിതെന്ന് ഫോര്‍ബ്‌സ് നിരീക്ഷിക്കുന്നു.

സ്വതന്ത്രവും സുരക്ഷിതവുമായ കംപ്യൂട്ടിങ്ങിന് ഗ്‌നു/ലിനക്‌സിലേക്ക് മാറുക എന്നാണ് എഫ്.എസ്.എഫ്. പറയുന്നത്. എന്നാല്‍ ഇതോടൊപ്പം എഫ്.എസ്.എഫ്. ലിങ്ക് ചെയ്യുന്ന പട്ടികയില്‍ ട്രൈസ്‌ക്വെല്‍ മാത്രമേ സാധാരണക്കാരന് ഇഷ്ടപ്പെടുന്ന ഗ്‌നു/ലിനക്‌സ് വിതരണമായുള്ളൂ. ഉബുണ്ടുവും ഡെബീയനുമെല്ലാം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ആശയത്തില്‍നിന്ന് ഒരല്‍പ്പമെങ്കിലും വ്യതിചലിക്കുന്നു എന്ന തീവ്രനിലപാടിലാണവര്‍.

© 2024 Live Kerala News. All Rights Reserved.