ന്യൂഡല്‍ഹി: സി.ബി.എസ്്.ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജൂണ്‍ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ചോദ്യപേപര്‍ ചോര്‍ന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫലം പുറത്തുവിടുന്നത് കോടതി തടഞ്ഞത്്. ഹരജിയില്‍ ജൂണ്‍ പത്തിന് തീരുമാനമെടുക്കുമെന്നും അതിന് മുമ്പായി ചോദ്യക്കടലാസ് നേരത്തെ കിട്ടിയവരുടെ വിവരങ്ങള്‍ അറിയിക്കണമെന്നും ജസ്റ്റിസുമാരായ പ്രഫുല്ല സി. പന്ത്, അമിതവ റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഹരിയാന പൊലീസിന് നിര്‍ദേശം നല്‍കി. 700 വിദ്യാര്‍ഥികള്‍ക്കാണ് ചോദ്യപേപര്‍ ചോര്‍ന്നു കിട്ടിയതത്രെ.
രൂപ് സിങ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യം കിട്ടിയതെന്ന് പറയുന്നു. ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് വാട്സാപിലൂടെയും എസ്.എം.എസിലൂടെയും ഉത്തരങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിങ്ങിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, ചോദ്യപേപര്‍ ചോര്‍ന്നുവെന്ന ആരോപണം സി.ബി.എസ്.ഇ കോടതിയില്‍ നിഷേധിച്ചു. വീണ്ടും പരീക്ഷ നടത്തുന്നത് നടപടിക്രമങ്ങള്‍ മാസങ്ങളോളം വൈകിപ്പിക്കുമെന്നും സി.ബി.എസ്.ഇ ബോധിപ്പിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. 2000 സീറ്റുകളിലേക്കായി രാജ്യത്തെ 6.3 ലക്ഷം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്.