ബെംഗളൂരു സ്‌ഫോടനക്കേസ്: കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

 

ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വൈകുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇത്തരം കേസുകളുടെ വിചാരണ വൈകിക്കരുത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് കര്‍ശന നിലപാടെടുക്കേണ്ടത്. ബെംഗളൂരു സ്‌ഫോടനക്കേസിന്റെ മാത്രം വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുന്നതിനെപ്പറ്റി രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

എന്‍ ഐ എയുടെ പ്രത്യേക കോടതിയാണ് നിലവില്‍ ഈ കേസ് പരിഗണിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുകയും വിചാരണ നടപടികള്‍ നടക്കുകയും ചെയ്യുന്നതായി കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ആഴ്ചയില്‍ രണ്ടുതവണ എന്ന രീതിയില്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പ്രത്യേക കോടതി രൂപീകരിക്കുന്നതിനെപ്പറ്റി രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ മറുപടി. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.

ബെംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു മഅദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വിചാരണ നീണ്ടുപോകുന്നതിനാല്‍ തനിക്ക് കേരളത്തില്‍ പോയി ചികില്‍സ നടത്താന്‍ കഴിയുന്നില്ല. ഇങ്ങനെ പോയാല്‍ തന്റെ ആരോഗ്യസ്ഥിതി ഗുരുതരമാകുമെന്നും മഅദനി കോടതിയെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

© 2024 Live Kerala News. All Rights Reserved.