കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു : 9 ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതാതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 9 ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാടുംചൂടില്‍ ബുധനാഴ്ച മാത്രം സൂര്യാതപമേറ്റത് 102 പേര്‍ക്കാണ്. ഇതില്‍ രണ്ടുപേര്‍ക്ക് സൂര്യാതപവും 46പേര്‍ക്ക് പൊള്ളലുമേറ്റു. 54 പേര്‍ക്ക് ചൂടേറ്റ് ശരീരത്തില്‍ പാടുകള്‍ രൂപപ്പെട്ടു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ താപനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. താപമാപിനിയില്‍ ബുധനാഴ്ച ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ് 41 ഡിഗ്രി.പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് താപനില 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരില്‍ 38.5 ഡിഗ്രി ചൂട് അനുഭവപ്പെട്ടു.
ആലപ്പുഴയില്‍ താപനില ശരാശരിയില്‍ 3.2 ഡിഗ്രിയും പുനലൂരില്‍ 3.1 ഡിഗ്രിയും മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 2.6 ഡിഗ്രിയും കോട്ടയത്ത് 2.5 ഡിഗ്രിയും കോഴിക്കോട് 2.7 ഡിഗ്രിയും ഉയര്‍ന്നു. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്‌സ്) 12 യൂനിറ്റ് എന്നത് മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ വെയിലേറ്റാല്‍ തളര്‍ന്നുവീഴുന്ന സ്ഥിതിയുണ്ട്. ഇത്തരം ശാരീരിക പ്രശ്‌നങ്ങളുമായാണ് കൂടുതല്‍പേര്‍ ചികിത്സതേടുന്നത്.

© 2024 Live Kerala News. All Rights Reserved.