വെന്തുരുകി കേര‌ളം; 35 പേർക്ക‌് പൊള്ളലേറ്റു; ജാഗ്രതാനിർദേശം ശനിയാഴ‌്ച വരെ

തിരുവനന്തപുരം
മീനച്ചൂടിൽ വലയുന്ന കേരളത്തിൽ സൂര്യാതപമേൽക്കുന്നവരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ‌്ച മാത്രം സംസ്ഥാനമൊട്ടാകെ 35 പേർക്ക‌് പൊള്ളലേറ്റു. എറണാകുളത്ത‌് മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞുവീണ‌് മരിച്ചതും സൂര്യാതപത്താലെന്ന‌് സംശയിക്കുന്നു.

കെടാമംഗലം തുണ്ടിപ്പുരയിൽ വേണു (50)വാണ‌് മരിച്ചത‌്. പോസ‌്റ്റ‌്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക‌്തമാകൂ. സംസ്ഥാനത്തെങ്ങും പകൽ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിന‌് മുകളിലാണ‌്. തൃശൂർ വെള്ളാനിക്കര 40.4 ഡിഗ്രിസെൽഷ്യസ‌്, പുനലൂർ 39.5, കോട്ടയം 37 , തിരുവനന്തപുരം 35.4, കണ്ണൂർ 36.7, കൊച്ചി 37.1 ഡിഗ്രി സെൽഷ്യസ‌് മറ്റിടങ്ങളിലെ താപനില. ചൂട‌് കൂടുന്നതിനാൽ ജാഗ്രതനിർദേശം ശനിയാഴ‌്ച വരെ നീട്ടിയിട്ടുണ്ട‌്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും നാലുഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ട‌്.

പത്തനംതിട്ട , എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട‌് ജില്ലകളിൽ 3 ഡിഗ്രി വരെയും ഉയരും. ജനജീവിതം ദുസ്സഹമാക്കി പാലക്കാട‌് ജില്ലയിൽ ചൂട‌് 41 ഡിഗ്രിയിൽ തുടരുകയാണ‌്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിൽ 41 ഡിഗ്രി സെൽഷ്യസ‌് രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം ദിനവും മാസത്തിൽ മൂന്നാം തവണയുമാണ‌് മുണ്ടൂരിൽ 41 ഡിഗ്രി രേഖപ്പെടുത്തുന്നത‌്.

© 2024 Live Kerala News. All Rights Reserved.