വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് വര്‍ധിപ്പിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണുന്നത് വര്‍ദ്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. വര്‍ധിപ്പിക്കാനാകില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കി മൂന്ന് ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റിലെ 50 ശതമാനം സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കമ്മിഷന്റെ സ്വന്തം തീരുമാനമനുസരിച്ചാണ് ഇപ്പോള്‍ സ്ലിപ്പുകള്‍ എണ്ണുന്നത്. എണ്ണുന്ന വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായി കോടതി പറഞ്ഞു. അതേസമയം ഓരോ അസംബ്ലി മണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷിനിലെ സ്ലിപ്പുകള്‍ എണ്ണുന്നുണ്ടെന്നും. തിരഞ്ഞെടുപ്പ് സംവിധാനം ഇനിയും മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നിന് കേസില്‍ വാദം കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ കോടതിയെ സഹായിക്കാന്‍ ഒരു മുതിര്‍ന്ന ഓഫീസറെ ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഏപ്രില്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.