പി.ജയരാജനെ കൊലയാളിയെന്നു വിളിച്ചതിനെതിരെ കോടിയേരി; കെ കെ രമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം

ആര്‍.എം.പി നേതാവ് കെ.കെ.രമയുടെ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി.ജയരാജനെ കൊലയാളിയെന്നു വിശേഷിപ്പിച്ചു വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും കെ.കെ.രമ ശ്രമിച്ചെന്നാണ് കോടിയേരിയുടെ ആരോപണം.

ഇത് സംബന്ധിച്ച് കോടിയേരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. ഗൂഢാലോചന ആരോപിച്ച്‌ രണ്ട്‌ കേസുകളില്‍ ബോധപൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു ജയരാജന്‍ പ്രതിയായത്‌. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്നു കോടതി കണ്ടെത്തിയിട്ടില്ല.

ഈ സാഹചര്യത്തില്‍ 17.03.2019 ന് ശ്രീമതി രമ നടത്തിയ പ്രസ്താവന തികച്ചും ദുരുപധിഷ്ടവും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും കോടിയേരി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.