വെസ്റ്റ് നൈൽ പനി: രോഗം പകരില്ലെന്നും ആശങ്കപ്പെടേണ്ടന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം : ഇതിന് മുന്‍പും വെസ്റ്റ് നൈല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ.

മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച ആറ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസ് പകര്‍ന്നിട്ടില്ലെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാത്ത രോഗമാണിതെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു.

ക്യൂലക്‌സ് വഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് വൈറസ് പടര്‍ത്തുന്നത്. അതിനാല്‍ കൊതുക് നിവാരണമാണ് വെസ്റ്റ് നൈല്‍ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

മലപ്പുറം വേങ്ങരയ്ക്ക് സമീപമുള്ള എ ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് പനി ബാധിക്കുന്നത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെവെച്ചാണ് രോഗം സ്ഥിരീകരിച്ചത്.

പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. ഈ ഭാഗത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണിട്ടില്ലെന്നതും രോഗം പടര്‍ന്നിട്ടില്ലെന്നതിന്റെ തെളിവാണ്. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇല്ലെന്നതാണ് വെല്ലുവിളി.

© 2024 Live Kerala News. All Rights Reserved.